English| മലയാളം

ആമുഖം

തലശ്ശേരി സബ് കളക്ടറുടെ നേതൃത്വത്തില്‍ ജന്മിമാര്‍, പ്രമാണിമാര്‍, ജന പ്രമുഖര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് കല്‍പ്പറ്റ പഞ്ചായത്ത് രൂപീകരണത്തിനു 1953 ല്‍ തീരുമാനം എടുക്കുകയും തുടര്‍ന്ന് കല്ലങ്കോടന്‍ മൊയ്തീനെ ആദ്യ പ്രസിഡന്റായി ഏകകണ്ഠേന തിരഞ്ഞെടുക്കുകയും ചെയ്തു. ഈ പഞ്ചായത്ത് 1967 ല്‍ ഒന്നാം ഗ്രേഡ് പഞ്ചായത്തായും 1971 ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായി ഉയര്‍ത്തുകയും ചെയ്തു. 1990 ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടു. 1995 സെപ്തംബര്‍ 25 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ അഡ്വക്കേറ്റ് പി. ചാത്തുകുട്ടി ചെയര്‍മാനായ ഭരണസമിതി നിലവില്‍ വന്നു.ഡക്കാന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി കിടക്കുന്ന കല്‍പ്പറ്റ, കുന്നുകളും വയലുകളും ചേര്‍ന്ന ഭൂപ്രകൃതിയാണ്. വയനാട് ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്താണ് കല്‍പ്പറ്റ നഗരസഭ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് കല്‍പ്പറ്റ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂരിഭാഗം പ്രദേശങ്ങളിലും പശിമയുള്ള ചുവന്ന മണ്ണാണ് കണ്ടുവരുന്നത്. ഇതിനുപുറമെ പാറക്കല്ലുകളും, കരിമണ്ണും വയലുകളില്‍ മണല്‍ കലര്‍ന്ന മണ്ണും ചിലയിടങ്ങളില്‍ ചെളിമണ്ണും കണ്ടുവരുന്നു. അമ്ളത്വം കൂടിയ സ്വഭാവമാണ് മണ്‍തരങ്ങള്‍ക്ക് പൊതുവെയുള്ളത്. കല്‍പ്പറ്റ,കോട്ടപ്പടി, തൃക്കൈപ്പാറ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ നഗരസഭയുടെ  അതിരുകള്‍ വടക്ക്: കോട്ടത്തറ, മുട്ടില്‍ പഞ്ചായത്തുകള്‍ കിഴക്ക്: മേപ്പടി, മുട്ടില്‍ പഞ്ചായത്തുകള്‍ തെക്ക്: വൈത്തിരി പഞ്ചായത്ത് പടിഞ്ഞാറ്: വൈത്തിരി പഞ്ചായത്ത് എന്നിവയാണ്.ജൈന ക്ഷേത്രം, പുളിയാര്‍മല, മാരിയമ്മന്‍ കോവില്‍, മൈതാനി പള്ളി, മണിയങ്കോട്ട് ക്ഷേത്രം, അമ്പിലേരി ഗ്രാമത്ത് ക്ഷേത്രം, റാട്ടക്കൊല്ലി അമ്പലം, തോര്യമ്പം ക്ഷേത്രം, കല്‍പ്പറ്റ അയ്യപ്പക്ഷേത്രം, ആര്‍.സി. ചര്‍ച്ച്, കല്‍പ്പറ്റ വലിയ ജുമാ മസ്ജിദ്, കല്‍പ്പറ്റ ജുമാ മസ്ജിദ്, എടത്തിന്‍ അമ്പലം എന്നിവയാണ് ഇവിടുത്തെ ആരാധനാലയങ്ങള്‍. മയിലാടിപ്പാറ, മുച്ചിക്കുണ്ട്, തേയില എസ്റ്റേറ്റുകള്‍, നാലു കെട്ടും ചോല എന്നിവ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആണ്..ഈ പ്രദേശത്ത് ജൈനമത വിശ്വാസികള്‍ താമസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ സ്ഥാപിച്ച മൈലാടിപ്പാറയിലെ തീര്‍ത്ഥങ്കരനായ ചന്ദ്രനാഥ സ്വാമിയുടെ സ്വരൂപം, പുത്തൂര്‍ വയലിലെ ക്ഷേത്രാവശിഷ്ടങ്ങള്‍ തുടങ്ങിയവ ചരിത്രപ്രധാന്യമുള്ളവയാണ്.

 

 പൊതുവിവരങ്ങള്‍

 

ജില്ല                                                : വയനാട് 
വിസ്തീര്‍ണ്ണം                                      : 40.74 ച.കി.മി
കോഡ്                                            : M120100
വാര്‍ഡുകളുടെ എണ്ണം                        : 28
ജനസംഖ്യ                                       : 29602
പുരുഷന്മാര്‍‍                                     : 14850
സ്ത്രീകള്‍‍                                           : 14752
ജനസാന്ദ്രത                                     : 672
സ്ത്രീ : പുരുഷ അനുപാതം                    : 993
മൊത്തം സാക്ഷരത                          : 84.15
സാക്ഷരത (പുരുഷന്മാര്‍ )                   : 88.98
സാക്ഷരത (സ്ത്രീകള്‍ )                         : 79.03
Source : Census data 2001